Breaking News

മതപഠനകേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം; ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ(20)നെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് അറസ്റ്റിലേക്ക് നയിച്ചത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതോടെയാണ് പോലീസ് ഹാഷിമിന് എതിരെ പോക്‌സോ കേസ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

മതപഠനശാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ മരണകാരണം മതപഠനശാലയിലെ പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കവെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിക്കുന്നത്. പെണ്‍കുട്ടി മരണപ്പെടുന്നതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടി മതപഠനശാലയില്‍ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പോലീസ്. ബാലരാമപുരം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ആണ്‍ സുഹൃത്തിനെതിരെ കേസെടുത്തത്. കേസ് പൂന്തുറ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറയുന്നുണ്ട്. പോക്‌സോക്ക് പിന്നാലെ ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *