Breaking News

എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം

ദില്ലി: എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങി. പ്രൗഢഗംഭീരമായ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മദിനമായി ആചരിക്കാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യന്‍ പതാക ആക്കാന്‍ ആഹ്വാനം നല്‍കിയതിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം പ്രധാനമന്ത്രി മാറ്റിയിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ് മോദി സ്വന്തം അക്കൗണ്ടുകളിലെ മുഖചിത്രമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യന്‍ പതാക ആക്കിയിട്ടുണ്ട്. ഇന്ന് കൊണ്ട് ഏവരും ഈ ആഹ്വാനം ഏറ്റെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം, എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ മെയ്തെയ്-കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പരിശാധന ശക്തമാക്കി. പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *