

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തത് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിക്ക് കടുത്ത പരീക്ഷണമാവുകയാണ്. തങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ലെന്ന് വന്നതോടെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു സ്പീക്കര്‍ സ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറാകട്ടെ ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ബി.ജെ.പിക്ക് മുന്നില്‍ വച്ചിരിക്കുകയാണ്. തങ്ങളുടെ നയപരമായ തീരുമാനങ്ങളില്‍ പോലും തിരുത്തലുകള്‍ വരുത്തേണ്ട അവസ്ഥയിലേക്ക് ഘടക കക്ഷികളില്‍നിന്നുള്ള സമ്മര്‍ദ്ദം ബി.ജെ.പിയെ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.


മാത്രമല്ല, നാല് മന്ത്രിമാര്‍ വേണമെന്ന് ജെ.ഡി.യുവും ആറ് മന്ത്രിമാര്‍ വേണമെന്ന് ചന്ദ്രബാബു നായിഡുവും ആവശ്യപ്പെട്ടു കഴിഞ്ഞു. റെയില്‍വേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് ജെ.ഡി.യു ഉന്നംവയ്ക്കുന്നത്. ധനകാര്യ വകുപ്പിലേക്കാണ് ചന്ദ്രബാബു നായിഡു കണ്ണെറിയുന്നത്. ഐ.ടി, വാണിജ്യം എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു. ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, അനുപ്രിയ പട്ടേല്‍, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. രാജ്‌നാഥ് സിംഗ് ഈ മന്ത്രാലയത്തില്‍ വരുന്നതിനോടാണ് ചില സഖ്യകക്ഷികള്‍ക്ക് താല്പര്യം.


അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എന്‍.ഡി.എ സഖ്യകക്ഷികള്‍ അംഗീകരിച്ചിരുന്നു.ആന്ധ്രയിലെ വിജയത്തിന് സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡുവും ജനവിധി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനാണെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലും വ്യക്തമാക്കി. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചത്. ജൂണ്‍ 9ന് പ്രധാനമന്ത്രിയും ചില മന്ത്രിമാരും ചുമതലയേല്ക്കും. കൂടുതല്‍ മന്തിമാരുടെ സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കും.


ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി.ത്യാഗി വ്യക്തമാക്കി. അഗ്‌നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കും. ഏകീകൃത സിവില്‍ കോഡ് സങ്കീര്‍ണമായ വിഷയമാണെന്നും മുന്നണിയില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നും കെ.സി.ത്യാഗി പറഞ്ഞു. നിര്‍ദേശങ്ങള്‍ ഒന്നും എന്‍.ഡി.എ യോഗത്തില്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്നും നിതീഷ് കുമാറിന്റെ ദില്ലിയിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ത്യാഗി പറഞ്ഞു.


