Breaking News

വൃദ്ധയുടെ മാല പൊട്ടിച്ച കേസ്; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി അയിരൂര്‍ പോലീസ്

അയിരൂര്‍ പോലീസ് പ്രതിയുടെ ആഡംബര ബൈക്കില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തപ്പോള്‍

വര്‍ക്കല: വര്‍ക്കല അയിരൂരില്‍ വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാല കവര്‍ന്ന കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം അയിരൂര്‍ പോലീസ് പിടികൂടി. ഇലകമണ്‍ മൃഗാശുപത്രിക്ക് സമീപം ആരോമല്‍ നിവാസില്‍ മധുസൂദനന്റെ മകന്‍ ആരോമലാണ് പോലീസിന്റെ പിടിയിലായത്. ഇലകമണ്‍ മൃഗാശുപത്രിക്ക് സമീപം ബിന്ദു നിവാസില്‍ സാവിത്രി മകള്‍ സുലത(64)യുടെ നാലു പവന്‍ വരുന്ന മാലയാണ് പ്രതി അപഹരിച്ചത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറി സുലതയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷമാണ് പ്രതി മാല പൊട്ടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് അരമണിക്കൂറിനകം അയല്‍വാസിയായ പ്രതിയെ പിടികൂടുകയായിരുന്നു.

മുളകുപൊടി പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസിന്റെ ബാക്കി പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്രതി ആഡംബര ബൈക്കില്‍ സൂക്ഷിച്ചിരുന്ന മാലയും പോലീസ് കണ്ടെടുത്തു. സുലത നല്‍കിയ മൊഴിയുടെ ചുവടുപിടിച്ച് അയിരൂര്‍ പോലീസ് നടത്തിയ ഊര്‍ജ്ജിതവും തന്ത്രപരവുമായ അന്വേഷണവുമാണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. അയിരൂർ എസ്. എച്ച് ഓ ശ്യാം , എ എസ് ഐ ഷിർജു, ബിനു വിഷ്ണു അനിൽകുമാർ ഷൈൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സംഭവസ്ഥലത്തെത്തി സമർത്ഥമായ അന്വേഷണത്തിലൂടെ അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *