

വര്‍ക്കല; വര്‍ക്കല ഇടവ വെറ്റക്കടയില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. വര്‍ക്കല കൊല്ലം തീരദേശപാതയില്‍ വള്ളം റോഡിന് കുറുകെയിട്ടാണ് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ തീരത്തിനടുത്ത് വന്ന് മീന്‍ പിടിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന വലിയ ബോട്ടുകള്‍ തീരത്തിനടുത്ത് മത്സ്യബന്ധനം നടത്തുന്നതിലൂടെ ചെറിയ വള്ളങ്ങളിലും മരങ്ങളിലുമൊക്കെ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മത്സ്യം ലഭിക്കാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മാത്രമല്ല വലിയ ബോട്ടുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങളില്‍പെട്ട് ചെറുവള്ളങ്ങളും മരങ്ങളും മറിയാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപജീവനത്തിനും ജീവനും ഒരുപോലെ ഭീഷണിയാകുന്ന ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ തീരത്തിനടുത്തേക്ക് വന്ന് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.




എന്നാല്‍, ഇക്കാര്യത്തില്‍ കോസ്റ്റല്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച റോഡ് ഉപരോധം രാത്രി 7 മണിവരെ തുടര്‍ന്നു. അയിരൂര്‍, വര്‍ക്കല പോലീസ് സംഘവും കോസ്റ്റല്‍ പോലീസും സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ തീരത്തിനടുത്ത് എത്താതെ നോക്കാമെന്ന് കോസ്റ്റല്‍ പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് മത്സ്യത്തൊഴിലാളികള്‍ റോഡിന് കുറുകെയിട്ടിരുന്ന വളളം മാറ്റി ഉപരോധം അവസാനിപ്പിച്ചത്.



