

വര്‍ക്കല: വര്‍ക്കലയില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. വര്‍ക്കല ഇടവ ചെമ്പകത്തിന്‍മൂട് അല്‍ അഫ്‌ന ഹൗസില്‍ ഷാജഹാന്റെ മകന്‍ അഫ്‌സല്‍(19), അയിരൂര്‍ ഹരിഹരപുരം പാലവിള വീട്ടില്‍ ഷാജിയുടെ മകന്‍ ജിതിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷണ മുതല്‍ പണയംവയ്ക്കാന്‍ സഹായിച്ചവരാണ്. ഇടവ പൊട്ടക്കുളം മകം വീട്ടില്‍ ഷീജയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. കേസിലെ മൂന്നും നാലും പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ ഷീജയുടെ മകന്റെ കൂട്ടുകാരാണ്.



വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. വള, നക്ലൈസ്, മോതിരം, കമ്മല്‍, ലോക്കറ്റ് എന്നിവയുള്‍പ്പെടെ അഞ്ചര പവന്‍ സ്വര്‍ണ്ണം പ്രതികള്‍ കവര്‍ന്നു. ഉടമസ്ഥ ഷീജയുടെ പരാതിയില്‍ അയിരൂര്‍ പോലീസാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. എറണാകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ ഷീജ ആഴ്ചയില്‍ ഒരിക്കലേ വീട്ടില്‍ എത്താറുള്ളൂ. കഴിഞ്ഞ ഏപ്രില്‍ 10 ന് വീട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ വിവരം അവര്‍ അറിയുന്നത്.



തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ കൂട്ടുകാര്‍ വീട്ടില്‍ വരാറുണ്ടായിരുന്നതായും അവര്‍ അലമാരി തുറന്ന് സ്വര്‍ണ്ണം നോക്കിയതായും മനസിലാക്കിയത്. കേസിലെ മൂന്നും നാലും പ്രതികളായ അഫ്‌സല്‍, ജിതിന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ഒന്നും രണ്ടും പ്രതികള്‍ മോഷണം നടത്തിയതെന്ന് അയിരൂര്‍ പോലീസ് വ്യക്തമാക്കി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അഫ്‌സല്‍, ജിതിന്‍ എന്നിവരെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നും രണ്ടും പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയും ഹാജരാക്കി.

