

കോട്ടയം: ‘തട്ടം’ പരാമര്‍ശത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയ വിശദീകരണം തന്റെ നിലപാടാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാര്‍. തന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ വിശദീകരണവുമായി രംഗത്തുവന്നത്. എം.വി.ഗോവിന്ദന്‍ നല്‍കിയ വിശദീകരണം തന്റെ നിലപാടാണെന്നും പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും അനില്‍കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമര്‍ശങ്ങളും ഉണ്ടാകേണ്ടതില്ലെന്നുമായിരുന്നു എം.വി.ഗോവിന്ദന്‍ വിവാദത്തോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന. ഇതിനെതിരെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ വിമര്‍ശിച്ച് കെ.ടി.ജലീല്‍, ഇ.പി.ജയരാജന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കള്‍ വരെ രംഗത്തുവന്നിരുന്നു. എം.എസ്.എഫ് വനിതാ നേതാവ് ഫാത്തിമ തെഹ്‌ലിയ കടുത്ത വിമര്‍ശനമാണ് സി.പി.എമ്മിനു നേരെ ഉയര്‍ത്തിയത്. സി.പി.എമ്മിന് ഇസ്‌ലാമോഫോബിയയാണെന്നും ആര്‍.എസ്.എസിന്റെ ബി ടീമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം ആണെന്നുമായിരുന്നു ഫാത്തിമയുടെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് അനില്‍കുമാര്‍തന്നെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
