
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉന്നതന് താനല്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ പറയുന്ന ഉന്നതന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്പീക്കറുടെ ഓഫീസ് തന്നെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല- ശ്രീരാമകൃഷ്ണന് പറയുന്നു.
താന്‍ നടത്തിയ വിദേശ യാത്രകളെ വിവാദമാക്കി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വിദേശയാത്രകളുടെ വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. യാത്രകള്‍ ബന്ധപ്പെട്ട എംബസികളെ അറിയിക്കാറുമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ഇത്തരം വാര്‍ത്തകള്‍ക്ക് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സ്പീക്കറുടെ ഓഫീസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.