
ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ബി.ജെ.പി. രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ നേടിയ വിജയം ബി.ജെ.പിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് സമിതിയിലേക്കുള്ള 4371 സീറ്റില്‍ 1835 സീറ്റ് ബി.ജെ.പി നേടിയപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 1718 സീറ്റില്‍ വിജയിച്ചു. 422 സ്വതന്ത്രര്‍ ജയിച്ചപ്പോള്‍ സി.പി.എമ്മിന് 16 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വോട്ടെടുപ്പ് നടന്ന 21 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണവും ബി.ജെ.പി നേടി. ബി.ജെ.പി തനിച്ചാണ് ഇവിടങ്ങളില്‍ ഭരണം പിടിച്ചെടുത്തത്. സഖ്യകക്ഷിയായ ആര്‍എല്‍പി നഗോര്‍, ബാമര്‍ ജില്ലയില്‍ നേടിയ 10 സീറ്റ് ചേരുമ്പോള്‍ 13 ജില്ലകളുടെ ഭരണം ബിജെപിയുടെ പക്കലാകും. കോണ്‍ഗ്രസ് അഞ്ച് ജില്ലകളിലെ ഭരണം നിലനിര്‍ത്തി. ദങ്ഗര്‍പുരില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിയത് തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലമായി മാറി.
വിജയിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നടങ്കം ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും നരേന്ദ്ര മോദിയിലുള്ള വിശ്വാസമാണ് ബി.ജെ.പിയുടെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ട്വീറ്റ് ചെയ്തു. എന്നാല്‍, ഗ്രാമീണ വോട്ടുകള്‍ നഷ്ടമായതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന വിലയിരുത്തലുകളുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള രൂക്ഷമായ പോരാട്ടമാണു കോണ്‍ഗ്രസിനു വിനയായതെന്നും നേതാക്കള്‍ പറയുന്നു.