Breaking News

തസ്മിദ് കാണാമറയത്ത്; കന്യാകുമാരിയിലെത്തിയതിന് സ്ഥിരീകരണമില്ല, തെരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി തസ്മിദ് തംസു ഇപ്പോഴും കാണാമറയത്ത്. കാണാതായി 26 മണിക്കൂര്‍ പിന്നിട്ടിട്ടും പതിമൂന്ന് വയസുകാരി തസ്മിദ് എവിടെയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. കന്യാകുമാരി എക്‌സപ്രസില്‍ യാത്രചെയ്ത തസ്മിദ് എവിടെയിറങ്ങിയെന്നോ എങ്ങോട്ടു പോയെന്നോ ഇനിയും അറിയാന്‍ സാധിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ 5.30ന് കന്യാകുമാരിയില്‍ കുട്ടിയെ കണ്ടുവെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധയിലും തസ്മിദിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള മറ്റ് സ്റ്റേഷനുകളിലും അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കന്യാകുമാരിയിലും പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. ഇന്നലെ ഉച്ചയ്ക്ക് 1.06ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബംഗളുരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ തസ്മിദ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത് ശുഭസൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, കന്യാകുമാരിയില്‍ തസ്മിദിന് വേണ്ടിയുള്ള തെരച്ചിലില്‍ ഇതുവരെയും ഫലമുണ്ടാകാത്തത് ആശങ്കയാവുകയാണ്. കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ നിലവില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകള്‍: 9497960113/9497980111.

Related posts

Leave a Reply

Your email address will not be published. Required fields are marked *