Breaking News

ആറ്റിങ്ങലില്‍ വാഹനാപകടം: മാരക ലഹരി വസ്തുവുമായി ഡ്രൈവര്‍ ; അറസ്റ്റ്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ആലംകോട് ഇന്നോവ ടാക്‌സി കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മാരകമായ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായാണ് സൂചന. ഇലക്ട്രിക് പോസ്റ്റിലിടിച്ച ഇന്നോവ കാര്‍ ഒരു വാഗണര്‍ കാറിനെയും ഇടിച്ചിരുന്നു.

സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ പാലക്കാട് കോങ്ങാട് കരിമ്പ എടക്കുറിശ്ശി കപ്പടം തുണ്ടത്തില്‍ വീട്ടില്‍ ഫ്രാന്‍സിസി(27)നെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നും 0.06 ഗ്രാം എം.ഡി.എം.എയും 9.32 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്നുതന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടറാര്‍ തന്‍സീം അബ്ദുള്‍ സമദ്, എസ്.ഐ മനു, സി.പി.ഒമാരായ ഷിനു, സെയ്ദലി ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. ആലംകോട് ടാക്‌സി കാര്‍ അവിക്‌സിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്കാണ് ടാക്‌സി കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ലൈനുകള്‍ എല്ലാം പൊട്ടി റോഡില്‍ വീണതോടെ പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടുകൂടി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിക്കൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബിയുടെയും ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *