
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഏപ്രില്‍ 10 മുതല്‍ തിയേറ്റര്‍, മാളുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, പച്ചക്കറി കടകള്‍ തുടങ്ങിയവകളില്‍ പ്രവേശനം 50 ശതമാനം ആയി വെട്ടിച്ചുരുക്കി. മതപരമായ ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാത്രി 11 വരെയാക്കി. എല്ലാത്തരം വ്യാപാര സ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. റസ്റ്ററന്റുകളിലും ഹോട്ടലുകളിലും രാത്രി 11 വരെ ഇരുന്ന് ഭക്ഷണം കഴിക്കാം, അതിനു ശേഷം പാഴ്സല്‍ സര്‍വീസ് മാത്രം അനുവദിക്കും. സീരിയല്‍, സിനിമ ചിത്രീകരണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് വിധേയമാകണം. വിവാഹത്തിന് 100ഉം മരണാന്തര ചടങ്ങുകള്‍ക്ക് 50 ആളുകള്‍ക്കും പങ്കെടുക്കാം. ഇന്നലെ സംസ്ഥാനത്തു 3986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.