Breaking News

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; 2 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ ആണ്‍ സുഹൃത്തും അയാളുടെ കൂട്ടുകാരനുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ആഗസ്റ്റ് ഏഴാം തീയതി പ്രസവം കഴിഞ്ഞ അവിവാഹിതയായ യുവതി ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് യുവതി മറുപടി നല്‍കിയത്.

പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഇതോടെ, സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും യുവതി പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അതേസമയം കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം യുവതി ആണ്‍സുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറി. ഇയാള്‍ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലില്‍ മൃതദേഹം മറവ് ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *