
ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനം പോലെ ദേശീയ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്ന് സുപ്രീകോടതി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. എന്നാല്‍ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്ന കേസുകളിലെ നടപടികള്‍ തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതികളെ സഹായിക്കുന്ന നടപടി സുപ്രീം കോടതിയില്‍നിന്നും ഉണ്ടാകുമെന്നും ബെഞ്ച് അറിയിച്ചു.
വാക്‌സിന്റെ വിലനിര്‍ണ്ണയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാക്സിന്‍ വില നിര്‍ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി ഡ്രഗ്സ് കണ്‍ട്രോളര്‍ ആക്ട്, പേറ്റന്റ് ആക്ട് എന്നിവ അതിന് സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തമായി മഹാമാരി മാറുമ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഇടപെടുമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. രാജ്യത്തിന് ആവശ്യമായ ആകെ വാക്‌സിന്റെ കണക്ക് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ അറിയിക്കണം. സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യുറിമാരായി സീനിയര്‍ അഭിഭാഷകര്‍ ആയ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ കോടതി നിയമിച്ചു. കേസ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.