Breaking News

സ്കൂൾ പ്രവേശന വേളയിൽ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും: കേരളാ പോലീസ്

തിരുവനന്തപുരം: വിദ്യാർഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെയും അപകടസാധ്യതകളെയും കുറിച്ച് ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളിൽ സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിക്കും. പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികളുടെ ഭാഗമായാണ് പ്രതിജ്ഞ ചൊല്ലുന്നത്.കേരള പോലീസ് സൈബർ വിഭാഗം നടപ്പാക്കുന്ന “കിഡ് ഗ്ലോവ്” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്നത്. കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരാക്കുകയും ഉത്തരവാദിത്തമുള്ള ഓൺലൈൻ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗിന്റെ അപകടസാധ്യതകൾ, വ്യാജ വാർത്തകളെ തിരിച്ചറിയൽ, സ്വകാര്യത സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളാണ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷ സംബന്ധിച്ച പ്രാഥമിക പരിശീലനം നൽകും. കൂടാതെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.

സൈബർ സുരക്ഷാ പ്രതിജ്ഞ

ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

എന്റെ പാസ്‌വേഡുകളും OTP കളും വ്യക്തിഗത വിവരങ്ങളും മറ്റാരുമായും പങ്കുവെക്കാതെ സൂക്ഷിക്കും.

ഓൺലൈനിൽ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് ശ്രദ്ധയോടെ ചിന്തിക്കും.

സൈബർ ബുള്ളിയിംഗ്, വ്യാജ വാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവയെ നിരുത്സാഹപ്പെടുത്തും.

സോഷ്യൽ മീഡിയയിലും ഓൺലൈനിലും മറ്റുള്ളവരെ മാനിക്കുകയും സൈബർ നിയമങ്ങൾ പാലിക്കുകയും ചെയ്യും.

സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കളെയോ അധ്യാപകരെയോ പോലീസിനെയോ അറിയിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *