Breaking News

വിദ്യാര്‍ത്ഥിനിയുടെ മരണം: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഫോറന്‍സിക് പരിശോധന

ധശ്രിത

വര്‍ക്കല: ഇന്നലെ രാവിലെ വര്‍ക്കല ഹെലിപാഡിനടുത്തുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് റിസോര്‍ട്ടില്‍ ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിനി ധശ്രിത(21)യാണ് മരിച്ചത്. കോയമ്പത്തൂര്‍ നെഹ്‌റു എയ്‌റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് ധശ്രിത.

ധശ്രിത താമസിച്ചിരുന്ന റിസോര്‍ട്ടില്‍ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നു

ധശ്രിതയുള്‍പ്പെടെ നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമുള്‍പ്പെട്ട സംഘമാണ് വര്‍ക്കല ഹെലിപാഡിനടുത്തുള്ള കേരതീരം റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്. എല്ലാവരും കോയമ്പത്തൂര്‍ നെഹ്‌റു എയ്‌റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാവിലെ ധശ്രിതയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറര മണിയോടെ പെണ്‍കുട്ടിയെ കൂട്ടുകാര്‍ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ധശ്രിത താമസിച്ചിരുന്ന റിസോര്‍ട്ടില്‍ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നു

വായില്‍നിന്ന് നുരയും പതയുംവന്ന അവസ്ഥയില്‍ ധശ്രിതയെ കൂട്ടുകാര്‍ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും റിസോര്‍ട്ട് ഉടമ ഇടപെട്ട് അദ്ദേഹത്തിന്റെ കാറിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ധശ്രിതയും ആണ്‍സുഹൃത്തും ഈ മാസം ഇരുപതാം തീയതിയാണ് ഇവിടെ റൂമെടുത്തത്. മറ്റുള്ള ആറ് പേര്‍ രണ്ട് ദിവസംമുമ്പേ എത്തി റൂമെടുത്ത് താമസിച്ചുവരുകയായിരുന്നു.
ധശ്രിതയുടെയും കൂട്ടുകാരുടെയും വീടുകളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ രക്ഷകര്‍ത്താക്കള്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍, ധശ്രിതയുടെ മാതാപിതാക്കള്‍ക്ക് പകരം അടുത്ത ബന്ധുക്കളാണ് എത്തിയത്.

ധശ്രിത താമസിച്ചിരുന്ന റിസോര്‍ട്ടില്‍ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നു

വീട്ടുകാരുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ധശ്രിത ആസ്മ സംബന്ധിയായ രോഗബാധിതയാണെന്നും ഹോമിയോ മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. അടച്ചിട്ട മുറിയില്‍ കഴിയുന്നത് ധശ്രിതയ്ക്ക് ശ്വാസംമുട്ട് ഉണ്ടാക്കാറുണ്ടെന്നും പറയുന്നു. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ചിരുന്നത് എ.സി മുറിയിലാണ്. ഇതൊക്കെയാവാം ധശ്രിതയ്ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ച ശേഷമേ ഔദ്യോഗികമായ വിശദീകരണം ഉണ്ടാവുകയുള്ളൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *