Breaking News

കോന്നിയില്‍ തിരിച്ചടി; കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു

അഡ്വ.അലക്‌സാണ്ടര്‍ മാത്യു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നപ്പോള്‍

കോന്നി: തെരഞ്ഞെടുപ്പ് അടുത്തുവരവേ കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ.അലക്സാണ്ടര്‍ മാത്യു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും ഒരുപോലെ തിരിച്ചടിയായത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളെ കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അഡ്വ.അലക്സാണ്ടര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തുടര്‍ന്ന് അദ്ദേഹം സി.പി.എമ്മില്‍ ചേരുകയായിരുന്നു.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടത് സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കാലങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ അലക്സാണ്ടര്‍ മാത്യുവിനെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുള്ള നേതാക്കളും പ്രവര്‍ത്തകരും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്ന് അലക്സാണ്ടര്‍ പറഞ്ഞു. പലരും റോബിന്‍ പീറ്ററിന് വേണ്ടി പ്രചാരണം നടത്തുന്നത് മനസില്ലാമനസോടെയാണ്. പലരും ഈ സ്ഥിതി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വിമതപ്രവര്‍ത്തനം നടത്തിയയാളെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം കോന്നിയില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളകാന്‍ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തയാളെ കെട്ടിയിറക്കുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പരാജയത്തിലേക്ക് തള്ളിവിടും. പ്രവര്‍ത്തകരുടെ വികാരം പലവട്ടം നേതൃത്വത്തെ അറിയിച്ചിട്ടും ഗൗനിക്കാതിരുന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഴവൊള്ളൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന അലക്സാണ്ടര്‍ മാത്യു നിലവില്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി കൂടിയാണ്. സ്വീകരണ യോഗത്തില്‍ സി.പി.ഐ(എം) കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്.ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *