
വര്‍ക്കല: ശക്തമായ മഴയിലും കാറ്റിലും ഇടവ പഞ്ചായത്തില്‍ കനത്ത നാശനഷ്ടം. ഇന്നലെ വൈകുന്നേരത്തെ മഴയും കാറ്റും ഇടവ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുടയ്ക്കുകയായിരുന്നു. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള വലിയ മരങ്ങള്‍ വീണുകിടക്കുന്ന കാഴ്ചയാണ് ഇവിടങ്ങളില്‍ കാണാനായത്. ഈ മേഖലയിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഭൂരിഭാഗവും മരങ്ങള്‍ വീണ് ഒടിഞ്ഞു വീഴുകയോ മറിഞ്ഞു വീഴുകയോ ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓടുമേഞ്ഞ വീടുകളില്‍ പലതും മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്.


വീടുകളുടെ ഗേറ്റുകളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്. കാപ്പില്‍ ജംഗ്ഷനില്‍ കടമുറികള്‍ക്ക് മുകളിലേക്ക് വലിയ മരം ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ് കടകളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയിട്ടുണ്ട്. ആഞ്ഞടിച്ച കാറ്റില്‍ ഇടവ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മാവുനിന്ന വിളയില്‍ തങ്കയുടെ വീടിന്റെ അടുക്കള ഭാഗത്തെ മേല്‍ക്കൂര ഏറെക്കുറെ പൂര്‍ണമായിത്തന്നെ തകര്‍ന്നു. ഇടവ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ പുത്തലി ബായിയുടെ വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് മഴയും കാറ്റും ഇടവ പഞ്ചായത്തില്‍ ദുരിതം വിതച്ചത്.


ഇന്നലത്തെ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് പഞ്ചായത്തിലുടനീളം ഉണ്ടായിട്ടുള്ളതെന്ന് ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക് പറഞ്ഞു. ആളപായം ഉണ്ടായിട്ടില്ലെങ്കിലും കാറില്‍ വന്ന ഒരു കുടുംബം തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍നിന്ന് രക്ഷപെട്ടതെന്നും അദ്ദേഹം പറഞ്ഞു.


ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടലുകള്‍ ഉണ്ടായെന്നും വീടിന് മുകളില്‍ വീണ മരങ്ങളും ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിന് കുറുകെ കിടന്ന മരങ്ങളും ഏറെക്കുറെ മുറിച്ചുമാറ്റിക്കഴിഞ്ഞുവെന്നും ബാലിക് പറഞ്ഞു. ബാക്കിയുള്ളവ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തി ഫയര്‍ഫോഴ്‌സും കെ.എസ്.ഇ.ബിയും നാട്ടുകാരും സന്നദ്ധ സംഘടനകളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
