
കടയ്ക്കാവൂർ : മോഷ്ടിച്ച ബൈക്കുകളിൽ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം കടയ്ക്കാവൂരിൽ അറസ്റ്റിൽ. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മൻസിലിൽ ഷമീർ(21), കടയ്ക്കാവൂർ വയയിൽതിട്ട വീട്ടിൽ അബിൻ(21), വക്കം മരുതൻവിളാകം സ്കൂളിനു സമീപം അഖിൽ(20), ചിറയിൻകീഴ് തൊടിയിൽവീട്ടിൽ ഹരീഷ്(19), നിലമേൽ വളയിടം രാജേഷ് ഭവനിൽ ജെർനിഷ(22) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊ ടുവിൽ വക്കം റെയിൽവേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂർ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ച ബൈക്ക് അന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേർ. സ്വർണാഭരണങ്ങൾ വിൽക്കാൻ പ്രതികളെ സഹായിച്ചിരുന്നത് ജെർനിഷയാണ്.
ഷമീർ, അബിൻ എന്നിവർ മുപ്പതോളം കേസുകളിൽ പ്രതികളാണ്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെർനിഷ. ജെർനിഷ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ്.പി. ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി. പി.നിയാസിനെ മേൽനോട്ടത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. കടയ്ക്കാവൂർ ഇൻസ്പെക്ടർ വി.അജേഷ്, എസ്.ഐ. എസ്.എസ്.ദീപു, എ.എസ്.ഐ. മാഹിൻ, പോലീസുകാരായ ശ്രീകുമാർ, ഷാഫി, ജ്യോതിഷ് കുമാർ അനീഷ്, സുരജ, മേരി, സുജിൽ, ബിനു, സിയാദ്, ഡാനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. –
ആഡംബരജീവിതത്തിനും ലഹരിപ്പാർട്ടികൾക്കുമായി
കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ അറസ്റ്റിലായ മോഷണസംഘം ബൈക്കുകളും സ്വർണാഭരണങ്ങളും വിറ്റുകിട്ടുന്ന പണം വിനിയോഗിച്ചിരുന്നത് ആഡംബരജീവിതം നയിക്കാനായി. ഗോവ, ബെംഗളൂർ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടികളിൽ പങ്കെടുക്കാനും ഇവർ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വക്കം സ്കൂളിനു പിൻവശത്തുള്ള വീട്ടിലാണ് പ്രതികൾ മോഷ്ടിച്ച ബൈക്കു കൾ സൂക്ഷിച്ച് രൂപമാറ്റം നടത്തിയിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽനിന്നു നിരവധി ബൈക്കുകളും സ്പെയർ പാർട്സുകളും കണ്ടെടുത്തു. 2021 നവംബറിൽ ഇവരുമായി തെറ്റിപ്പിരിഞ്ഞ വക്കം സ്വദേശിയുടെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതികൾക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.