Breaking News

മൂന്ന് പേരെ കൊല്ലാന്‍ പദ്ധതിയിട്ടു, തുടര്‍ന്ന് ആത്മഹത്യ; ശ്രീമഹേഷിന്റെ ലക്ഷ്യം വ്യക്തമാക്കി പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷിന്റെ ലക്ഷ്യം വ്യക്തമാക്കി പോലീസ്. മൂന്ന് പേരെ കൊല്ലാനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീമഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് സൂചന.

വൈരാഗ്യത്തിന്റെ പേരിലാണ് പ്രതി മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പ്രതിയുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് പോലീസ് ഉദ്യോഗസ്ഥയോട് വൈരാഗ്യം തോന്നാന്‍ കാരണം. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു ഇവര്‍ വിവാഹത്തില്‍നിന്ന് പിന്മാറിയത്. ഇക്കാര്യത്തില്‍ പ്രതിയുടെ അമ്മയും പ്രതിയെ കുറ്റപ്പെടുത്തിയിരുന്നു. അതാണ് അമ്മയെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നില്‍.

വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ ചോദ്യംചെയ്തതില്‍നിന്നാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്. പ്രതി മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു എങ്കിലും കിട്ടിയിരുന്നില്ല. പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *