Breaking News

ശ്രീനാരായണപുരം ഗവ. യു.പി.എസ്. ശതാബ്ദി കവാടം ഉദ്ഘാടനം മൂന്നിന്

കല്ലമ്പലം: ശതാബ്ദി ആഘോഷിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യു.പി. സ്കൂളിലെ ശതാബ്ദി കവാടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 1.30ന് നടക്കും. കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്ടർ ഡോ. എ. റസ്സലുദീൻ ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ. പ്രസിഡന്റ് ജി.എസ്. താരാമോൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

സ്കൂൾ 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഒ.എസ്. അംബിക എം.എൽ.എയുടെ ശ്രമഫലമായി ഇതിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ലഭിച്ച ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.

1982-ൽ ആറാം, ഏഴാം ക്ലാസുകൾ ആരംഭിച്ചതോടെയാണ് സ്കൂൾ യു.പി. സ്കൂളായി ഉയർത്തിയത്. നിലവിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്ന ഇവിടെ 460-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഒറ്റൂർ പഞ്ചായത്തിനു പുറമെ ചെറുന്നിയൂർ, ചെമ്മരുതി പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളും സ്കൂളിലെത്തുന്നുണ്ട്.

തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് പി.ടി.എ., അധ്യാപകർ, നാട്ടുകാർ എന്നിവർ പ്രത്യേക പരിഗണനയാണ് നൽകുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *