Breaking News

വസന്തയ്ക്ക് തര്‍ക്കഭൂമിയില്‍ പട്ടയാവകാശമില്ലെന്ന് രേഖ: ദമ്പതികളുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്

രാജനും കുടുംബവും (ഇടത്), രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നതിന്റെ ദൃശ്യം(വലത്)

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മരിച്ച രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയത് അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയാണ്. എന്നാല്‍ ഇവര്‍ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തായതാണ് സംഭവം പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്.
വസന്തയുടെ അവകാശവാദപ്രകാരമുള്ള അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ 12 സെന്റോളം വരുന്ന ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്. വസന്തയ്ക്ക് ഇത്രയും ഭൂമി പട്ടയം നല്‍കാനുള്ള സാധ്യതയില്ലെന്നും നിയമരംഗത്തെ വിദഗ്ധര്‍ പറയുന്നു. നാല് സെന്റില്‍ കൂടുതല്‍ സര്‍ക്കാര്‍ പട്ടയം നല്‍കില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
മാത്രമല്ല, നിശ്ചിത കാലയളവ് കഴിഞ്ഞേ ഈ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടുള്ളൂവെന്നും ഇത്തരം പട്ടയങ്ങളില്‍ വ്യവസ്ഥയുണ്ടാവും. വസന്തയ്ക്ക് ഇത്രയും ഭൂമി സ്വന്തമാക്കാനുള്ള മറ്റൊരു സാധ്യത പട്ടയം കിട്ടിയവരില്‍നിന്ന് വിലകൊടുത്തു വാങ്ങാമെന്നതാണ്. എന്നാല്‍, വസന്ത ഈ ഭൂമിയുടെ ഉടമസ്ഥയല്ലെന്നാണ് രേഖകളില്‍നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
വസന്തയുടെ പട്ടയം വ്യാജമാണോയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിനായി കലക്ടര്‍ നവ്‌ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം സര്‍ക്കാര്‍ കോടതിയെ വിവരം അറിയിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *