Breaking News

‘ചിലര്‍ എന്നെ ജനാധിപത്യം പഠിപ്പിക്കുന്നു’; രാഹുലിനെതിരെ മോദിയുടെ പരോക്ഷ പരിഹാസം

നരേന്ദ്ര മോദി

ശ്രീനഗര്‍: രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചിലര്‍. അവര്‍ ഒന്ന് പറയുന്നു, മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. കേന്ദ്രഭരണപ്രദേശമായതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നു. പുതുച്ചേരിയില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നിട്ടുപോലും അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. ആ പുതുച്ചേരി ഭരിക്കുന്നവരാണ് എന്ന ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ വരുന്നത്’-മോദി പറഞ്ഞു.
ജമ്മുവിലെ ജനങ്ങള്‍ക്ക് ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ആരോഗ്യയോജന അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യമില്ലെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. അതിനുള്ള പരോക്ഷ പ്രതികരണമാണ് മോദി ഇപ്പോള്‍ നടത്തിയത്. എല്ലാ ദിവസവും തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കുള്ള കണ്ണാടിയാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പെന്നും മോദി വ്യക്തമാക്കി. കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ജമ്മുവിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയമെന്ന് അവകാശപ്പെട്ട അദ്ദേഹം ജമ്മുവിലെ ജനങ്ങള്‍ വികസനത്തിനായി വോട്ട് ചെയ്തുവെന്നും മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് എന്ന ആശയം ജമ്മുവിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *