
വർക്കല : ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 2022 ഡിസംബറിനു മുമ്പ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി അറിയിച്ചതായി അടൂർ പ്രകാശ് എം.പി. രണ്ടുവർഷത്തിലേറെയായ പദ്ധതി 2020 മേയ് മാസത്തിൽ കേന്ദ്രം റദ്ദാക്കിയിരുന്നു.
ഐ.ടി.ഡി.സി. മുഖേന 69.47 കോടി രൂപ ചെലവിട്ട് നടപ്പാക്കുമെന്നറിയിച്ചിരുന്ന പദ്ധതിയിൽ നിന്നാണ് കേന്ദ്രം പിന്മാറിയത്. നിരന്തര ഇടപെടലുകളെ ത്തുടർന്നാണ് അടുത്തവർഷം പദ്ധതി പൂർത്തിയാക്കുമെന്ന് ഇപ്പോൾ ഉറപ്പ് ലഭിച്ചിട്ടുള്ളത്.
ലോക്‌സഭയിൽ എം.പി. ഉന്നയിച്ച ചോദ്യത്തിനു ശിവഗിരി പദ്ധതിയുൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിന് ഐ.ടി.ഡി.സി.ക്ക് 388.40 കോടി രൂപ അനുവദിക്കാൻ നിർദേശം നൽകിയതായി മന്ത്രി മറുപടി നൽകി. പദ്ധതി നടപ്പാകുന്നതോടെ ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യക്ഷേത്രം, അരുവിപ്പുറം എന്നീ തീർത്ഥാടനകേന്ദ്രങ്ങളുടെ സമഗ്രവികസനമുണ്ടാകുമെന്നും ജില്ലയിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വലിയ പദ്ധതിയാണിതെന്നും എം.പി. അറിയിച്ചു.