Breaking News

മാറുന്ന വിദ്യാഭ്യാസം-ഒരു വിചിന്തനം: അടൂര്‍ പ്രകാശ് എം.പി ശിവഗിരിയില്‍ ഉദ്ഘാടം ചെയ്തു

വര്‍ക്കല: 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരി ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷവും കുറിച്ചി എ.വി.എച്ച്.എസ്.എസ് നവതി ആഘോഷവും സംഘടിപ്പിച്ചു. മാറുന്ന വിദ്യാഭ്യാസം-ഒരു വിചിന്തനം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എം.പി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. ശിവഗിരി എയ്ഡഡ് സ്‌കൂള്‍സ് കോര്‍പറേറ്റ് മാനേജര്‍ ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. വര്‍ക്കല ശിവഗിരി ആഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9.30ന് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ഗുരുദേവന്റെ ദര്‍ശങ്ങളെ കുറിച്ചും പ്രമുഖ വ്യക്തികള്‍ സംസാരിച്ചു.

അവശരും ആര്‍ത്തരും നിരാലംബരുമായ കേരളത്തിലെ വലിയൊരു വിഭാഗം ജനതയെ വിദ്യാഭ്യാസത്തിലൂടെ പുരോഗതിയിലേക്ക് നയിച്ച മാനവികതയുടെ മഹാആചാര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുദേവന്റെ ജീവിത ദര്‍ശനവുമായി ഏറെ അടുത്തുനില്‍ക്കുന്ന ദര്‍ശനമാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതെന്ന് സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍ എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. ഗുരുദേവന്‍ ആത്മോപദേശ ദശകത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ച് വളരെയേറെ പ്രതിപാദിച്ചിട്ടുണ്ട്. സമ എന്ന ഏകത്വ ബോധത്തെയും വിഷമ എന്ന നാനാത്വ ബോധത്തെയും ഗുരുദേവന്‍ തന്റെ വിദ്യാഭ്യാസ ദര്‍ശനത്തില്‍ വിവിക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൗതിക വിദ്യ നേടിയാലും ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭിക്കണമെങ്കില്‍ ആത്മീയരംഗത്തും വിദ്യ നേടിയിരിക്കണമെന്നും ഹൈന്ദവ പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ട് ശ്രീനാരായണ ദര്‍ശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തില്‍ ദുരിതം അനുഭവിച്ചിരുന്ന ജനതയെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ച്ചയിലേക്ക് എത്തിക്കുകയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കണമെന്ന് ചിന്തിച്ച മഹത് വ്യക്തിത്വമാണ് ഗുരുദേവന്‍. 1924-ല്‍ ഗുരുദേവന്‍ രൂപം കൊടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള സ്ഥാപനമായി നിലകൊള്ളുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കൗമുദി പ്രസിദ്ധീകരിച്ച ശിവഗിരി തീര്‍ത്ഥാടന പുണ്യം എന്ന സപ്ലിമെന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അടൂര്‍ പ്രകാശ് എം.പിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. എസ്.സ്താണുവന്‍ ആചാരി രചിച്ച ഗുരുയുഗ വിളംബരം എന്ന ഗ്രന്ഥം ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *