പ്രസിഡണ്ട് : സച്ചിദാനന്ദ സ്വാമികൾ , ജന:സെക്രട്ടറി : ഋതംഭരാനന്ദ സ്വാമികൾ, ഖജാൻജി : ശാരദാനന്ദ സ്വാമികൾ

ശിവഗിരി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളിൽ നിന്നും ഭാരവാഹകളെ തെരെഞ്ഞെടുത്തു.ശിവഗിരി കാര്യാലയത്തിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രസ്റ്റ് പ്രസിഡണ്ട് ആയി സച്ചിദാനന്ദസ്വാമികളെയും, ജന സെക്രട്ടറിയായി ഋതംഭരാനന്ദ സ്വാമികളെയും, ഖജാൻജിയായി ശാരദാനന്ദ സ്വാമികളെയും തെരെഞ്ഞെടുത്തു. പ്രസിഡന്റിന്റെ പേര് നിർദ്ദേശിച്ചത് വിശാലാനന്ദ സ്വാമികളായിരുന്നു.അതിനെ ബോധിതീർത്ഥ സ്വാമികൾ പിൻതാങ്ങുകയും,ജന:സെക്രട്ടറി സ്ഥാനത്തേക്ക് ഋതംഭരാനന്ദസ്വാമികളുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. സ്വാമി ഗുരുപ്രസാദ് അതിനെ പിന്താങ്ങി.ഖജാൻജിയായി ശാരദാനന്ദ സ്വാമികളുടെ പേര് സച്ചിദാനന്ദ സ്വാമികൾ നിർദ്ദേശിക്കുകയും, ഋതംഭരാനന്ദ സ്വാമികൾ അതിനെ പിന്താങ്ങുകയു മായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സ്വാമിമാർ മഹാസമാധിയിലെത്തി പ്രത്യേക പ്രാർത്ഥനയിലും പൂജയിലും പങ്കെടുത്തു. നിലവിലെ പ്രസിഡണ്ട് വിശുദ്ധാനന്ദ സ്വാമികൾ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം സച്ചിദാനന്ദ സ്വാമി വിശുദ്ധാനന്ദ സ്വാമികളുടെ കാൽ തൊട്ട് വന്ദിച്ചു അനുഗ്രഹം വാങ്ങി. അതിനുശേഷം നിലവിലെ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ മിനുട്ട്സ് ബുക്കിൽ അംഗങ്ങളെ കൊണ്ടു ഒപ്പു വയ്പ്പിച്ചു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ.പതിനൊന്നംഗ ബോർഡിലേക്ക് 21 പേരാണ് മത്സരിച്ചത്. 43 സ്വാമിമാർക്കാണ് വോട്ടവകാശം. എല്ലാവരും വോട്ട് രേഖപ്പെടുത്തി. അഞ്ചു വർഷമാണ് ബോർഡിന്റെ കാലാവധി.