Breaking News

ശാന്തകുമാരി വധക്കേസ്: കേരളത്തിന്റെ ചരിത്രത്തില്‍ രണ്ടാമത്തെ വനിതയ്ക്ക് വധശിക്ഷ

നെയ്യാറ്റിന്‍കര: കേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച് ശാന്തകുമാരി വധക്കേസിലെ കോടതി വിധി. വിഴിഞ്ഞം മുല്ലൂരില്‍ ശാന്തകുമാരി(71)യെ കൊന്ന കേസിലെ മൂന്ന് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീക്ക്, റഫീഖാ ബീവിയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ടാമത്തെ വനിതയ്ക്കാണ് ഈ കേസിലൂടെ വധശിക്ഷ വിധിച്ചിരിക്കുന്നത്. അമ്മയ്ക്കും മകനും വധശിക്ഷയെന്ന പ്രത്യേകതയും ഈ കോടതി വിധിക്കുണ്ട്.

2022 ജനുവരി 14 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആഭരണം കൈക്കലാക്കാന്‍ വേണ്ടി പ്രതികള്‍ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു റഫീഖയും മകനും. ഈ വാടകവീട്ടിലേക്ക് ശാന്തകുമാരിയെ വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. തുടര്‍ന്ന്, ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണം കവര്‍ന്നശേഷം മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിക്കുകയായിരുന്നു. പ്രതികള്‍ വാടക വീട് ഒഴിഞ്ഞതിന് പിന്നാലെ ഉടമസ്ഥന്‍ വീട് നോക്കാന്‍ എത്തിയപ്പോഴാണ് തട്ടിന്‍പുറത്തുനിന്ന് രക്തം വാര്‍ന്നൊഴുകുന്നത് ശ്രദ്ധിച്ചത്.

വീട്ടില്‍ താമസിച്ചിരുന്ന റഫീഖയാണ് മരണപ്പെട്ടതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് ശാന്തകുമാരിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് റഫീഖാ ബീവി, ഷഫീക്ക്, അല്‍ അമീന്‍ എന്നീ പ്രതികളിലേക്ക് എത്തിയത്. ശാന്തകുമാരിയെ കൊന്നതിന് ശേഷം മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചു കടന്ന പ്രതികള്‍ വിഴിഞ്ഞത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ് പണവുമായി തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. അന്നു രാത്രി തൃശൂരിലേക്കുള്ള ബസില്‍ കയറിയ പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ബാക്കി സ്വര്‍ണം പ്രതികളുടെ പക്കല്‍ നിന്നു പൊലീസ് കണ്ടെത്തി. ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിച്ചത്.

ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലും ഈ മൂവര്‍ സംഘം പ്രതികളാണ്. ഇരുമ്പ് ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കുന്ന ഈ കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കൂടിയാണ് ഷെഫീക്ക്. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് മൂന്നു പ്രതികളും ചേര്‍ന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കോടതിവിധി കേട്ട് റഫീഖാ ബീവിയും മകന്‍ ഷഫീക്കും പൊട്ടിക്കരഞ്ഞു. എന്നാല്‍ റഫീഖയുടെ സുഹൃത്ത് നിര്‍വികാരതയോടെയാണ് കോടതിവിധ കേട്ടത്.

വിധിക്കു ശേഷം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മൂവരെയും വൈകിട്ട് നാലരയോടെ ജയിലുകളിലേക്കു കൊണ്ടുപോയി. കേരളത്തില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിച്ചത് 2006-ലായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിധുകുമാരന്‍ തമ്പി വധക്കേസിലായിരുന്നു ഈ കോടതിവിധി. ഭാര്യ ബിബിതകുമാരിക്കും മുന്‍ കാമുകനും വിധുകുമാരന്‍ തമ്പിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം അഡീഷനല്‍ ഡിസ്ട്രിക്ട് (അഡ്ഹോക്) സെഷന്‍സ് കോടതിയാണ് ഈ കേസില്‍ വിധി പറഞ്ഞത്. എന്നാല്‍, വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *