Breaking News

ഇടവയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം; പഞ്ചായത്ത് ജലവിതരണം ആരംഭിച്ചു

ഇടവ: കടുത്ത വേനലിനെ തുടർന്ന് ഇടവ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഒന്നും രണ്ടും വാർഡുകളിലെ ചില ഭാഗങ്ങൾ ഒഴികെ കുടിവെള്ളം ലഭ്യമാകുന്നത് അപൂർവമായി മാറിയിരിക്കുകയാണ്. പൈപ്പ് ലൈനുക ളിൽ ദിവസങ്ങളോളം ഇടവിട്ട് മാത്രമാണ് വെള്ളം എത്തുന്നത്. ഉയർന്ന പ്രദേശങ്ങ ളിൽ താമസിക്കുന്നവർക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.

പ്രധാന ജലസ്രോതസായ വാമനപുരം പദ്ധതിയിൽ നിന്നുള്ള വിതരണം കഴിഞ്ഞ ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. പൊയ്ക, ഊറ്റുകുഴി, കോട്ടയിൽപ്പാണി പദ്ധതികളിലും ജലലഭ്യത ഗണ്യമായി കുറഞ്ഞു. ഈ ചെറുകിട പദ്ധതികളിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം സമീപ പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെടുന്നു. ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്.
പതിനെട്ടാംപടി, പെത്തിരിമുക്ക്, വെറ്റക്കട, പ്രസ് മുക്ക്, ഇടവ പി.എച്ച്.സി പരിസരം, മദ്രസാമുക്ക്, ഇടവ ജംഗ്ഷൻ, മാന്തറ, ചിറയിൽ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ദിവസങ്ങളായി വെള്ളം ലഭ്യമല്ല. ഇടവ മുസ്ലിം സ്കൂൾ, അഞ്ചുമുക്ക്, ഓടയം പള്ളി, കാക്കുളം, പുന്നക്കുളം, മേക്കുളം എന്നിവിടങ്ങളിലും ക്ഷാമം രൂക്ഷമാണ്. വെൺകുളം, മൂന്നുമൂല, നാലുമുക്ക്, കാപ്പിൽ എച്ച്.എസ്, കണ്ണംമ്മൂട്, അംബേദ്കർ ഗ്രാമം തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം താറുമാറായിരിക്കുകയാണ്.

വേനൽ മഴ ലഭിക്കാതിരിക്കുകയും വാമനപുരം നദിയിലെ ജലനിരപ്പ് താഴ്ന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രാദേശിക ജലസ്രോതസ്സുകളിലെ കുറവും വിതരണത്തെ ബാധിച്ചു. ഇതിനെ തുടർന്ന് ടാങ്കർ ലോറികളിലൂടെ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാരണം ജലവിതരണ കരാർ വൈകിയതിനെ തുടർന്ന് ഇപ്പോഴാണ് പഞ്ചായത്ത് തലത്തിൽ വിതരണത്തിന് തുടക്കമായത്. രണ്ട് ടാങ്കർ ലോറികളിലായി ലഭ്യമായ ജലം വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമം. പ്രാദേശിക സ്രോതസ്സുകളിൽ നിന്നാണ് ജലം ശേഖരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ജലവിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ഗിരീഷ് ലാൽ എന്നിവർ പങ്കെടുത്തു.
ഇതിനിടെ വിവിധ സംഘടനകളും ടാങ്കർ ലോറികളിലൂടെ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *