Breaking News

പതിനേഴുകാരനെ മര്‍ദ്ദിച്ച കേസ്: പ്രതികളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം

കൊച്ചി: പതിനേഴുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ശിശുക്ഷേമ സമിതി പ്രതികളില്‍നിന്ന് മൊഴിയെടുക്കാനിരിക്കെയാണ് ഈ സംഭവം.
കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ 17-കാരനെ ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് സാമൂഹ്യമാധ്യങ്ങളിലൂടെ പുറത്തുവന്നത്. കേസിലെ 7 പ്രതികളില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പതിനെട്ടില്‍ താഴെ പ്രായമുള്ളവരാണ്.
കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരെ വീട്ടുകാരെ വിളിച്ചുവരുത്തി കൈമാറി. പ്രായപൂര്‍ത്തിയായ പ്രതി അഖില്‍ വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയരുന്നുണ്ട്. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുട്ടികളെ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ആരോപിച്ചു.
മര്‍ദ്ദനത്തിനിരയായ പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വീട്ടില്‍ അറിയിച്ചതിനാണ് പതിനേഴുകാരന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മട്ടുകുത്തിയിരുത്തിയും പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ കുട്ടിയെ നിര്‍ബന്ധിച്ച് ഡാന്‍സ് കളിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *