Breaking News

കഴക്കൂട്ടത്തെ മുതിർന്ന സി.പി.എം. നേതാവ് എസ്.എസ്. ബിജു ബി.ജെ.പി.യിൽ

കഴക്കൂട്ടം: സി.പി.എമ്മിന്റെ കഴക്കൂട്ടത്തെ മുതിർന്ന നേതാവും മുൻ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്.എസ്. ബിജു പാർട്ടി വിട്ട് ബി.ജെ.പി.യിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. സി.പി.എമ്മിൽ 17 വർഷത്തോളം കഴക്കൂട്ടം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കഴക്കൂട്ടം ഏരിയ സെന്റർ അംഗമായും പ്രവർത്തിച്ച ബിജു, ഏതാനും മാസങ്ങൾ ഏരിയ സെക്രട്ടറിയുടെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. നിലവിൽ കഴക്കൂട്ടം മഹാദേവർ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയാണ്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അഭിപ്രായഭിന്നതകളാണ് പാർട്ടി വിടലിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചന. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം വാർഡിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ബി.ജെ.പി.യുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സൈനിക് സ്കൂൾ വാർഡിലാണ് മത്സരിപ്പിക്കപ്പെട്ടത്. ആ തിരഞ്ഞെടുപ്പിൽ ബിജു മൂന്നാം സ്ഥാനത്തായിരുന്നു.ഇതിനുശേഷം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്ന ബിജുവിനെതിരെ, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ പ്രവർത്തിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന വി. മുരളീധരന് വോട്ട് ചെയ്യണമെന്ന് ബന്ധുക്കളോടുൾപ്പെടെ ആവശ്യപ്പെട്ടുവെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും പാർട്ടിയുടെ നിലവിലെ പ്രവർത്തനശൈലിയിലും സമീപനങ്ങളിലും ഉണ്ടായ നിരാശയും അസംതൃപ്തിയുമാണ് ബി.ജെ.പി.യിലേക്ക് എത്തിച്ചതെന്നും എസ്.എസ്. ബിജു പ്രതികരിച്ചു.അതേസമയം, ബിജുവിനെ പാർട്ടിയിൽ നിലനിർത്താൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പാർട്ടി വിടലിന് പിന്നിൽ വിഭാഗീയ പ്രശ്നങ്ങളില്ലെന്നും സി.പി.എം. കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി. രമേശൻ വ്യക്തമാക്കി.മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.എൽ.എ. ബി.ബി. ഗോപകുമാർ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *