Breaking News

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വാഹന പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കും: മന്ത്രി സി.പി. ജോൺ

എ.എം.വി.ഐ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കൂടുതൽ സുതാര്യവും സാങ്കേതിക സംവിധാനങ്ങളാലും കാര്യക്ഷമവുമാക്കുന്നതിനായി 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എടിഎസ്) സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എ.എം.വി.ഐ) ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ ജില്ലയിലും രണ്ട് വീതം ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത വാഹന പരിശോധനാ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറുകയാണെന്ന് മന്ത്രി പറഞ്ഞു.ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ മുഖേന കൂടുതൽ ആധുനികവും സുതാര്യവുമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ.എൻ.പി.ആർ ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സേവനങ്ങൾ വേഗത്തിലാക്കാനും സെർവർ പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സ്റ്റേജ് കാരിയേജുകൾക്കായി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്നും ബസ് സർവീസുകൾ തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ, അമേരിക്കൻ മാതൃകയിൽ പൊതുഗതാഗത വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഷെയർ ട്രാൻസ്‌പോർട്ടിനും വൈദ്യുത വാഹനങ്ങൾക്കും പ്രോത്സാഹനം നൽകുമെന്നും റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ എ.എൻ.പി.ആർ അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും മാർച്ച് പാസ്റ്റും നടന്നു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും ചടങ്ങിൽ സമ്മാനിച്ചു.ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ്. അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *