

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന് അന്തരിച്ചു. അസുഖ ബാധിതനായി ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് അന്ത്യം സംഭവിച്ചത്. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ് ആനത്തലവട്ടം ആനന്ദന്. പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും ഒരുപോലെ തിളങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമായിരുന്നു ആനത്തലവട്ടം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആനത്തലവട്ടം ആനന്ദന്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ആനത്തലവട്ടം ആനന്ദന് പിന്നീട് അറസ്റ്റിലായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് അദ്ദേഹം ജയില്‍മോചിതനായത്.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ആനത്തലവട്ടം ആനന്ദന് ജനിച്ചത്. 1956-ലാണ് ആനത്തലവട്ടം ആനന്ദന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആനത്തലവട്ടം സി.പി.എമ്മിനൊപ്പമാണ് നിന്നത്. 1985-ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് ജയിച്ചുകയറി. 1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 96 ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി. 2006 ല്‍ സി.മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

2008-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ട്രാവന്‍കൂര്‍ തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ചെറുപ്പകാലത്ത് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിനായി ആ ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ കയര്‍ മിത്ര പുരസ്കാരം, കയര്‍ മില്ലനിയം പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന് സ്മാരക പുരസ്കാരം, എന്‍.ശ്രീകണ്ഠന് നായര്‍ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സി.പി.എം പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരന് കൂടിയാണ് അദ്ദേഹം. സി.പി.എം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്മാന് എന്നീ ചുമതലകളിലിരിക്കെയാണ് ആനത്തലവട്ടം മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്, മഹേഷ് ആനന്ദന്.