Breaking News

എല്‍.ഡി.എഫിനോട് സലാം പറഞ്ഞു; യു.ഡി.എഫിന്റെ ഭാഗമാകും: കാപ്പന്‍

മാണി.സി.കാപ്പന്‍

കൊച്ചി: പാല സീറ്റ് തര്‍ക്കത്തിനൊടുവില്‍ എല്‍.ഡി.എഫിനോട് സലാം പറഞ്ഞ് മാണി.സി.കാപ്പന്‍. താനും തനിക്കൊപ്പം നില്‍ക്കുന്നവരും യു.ഡി.എഫിന്റെ ഭാഗമാകുമെന്നും പാലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ ജനങ്ങള്‍ക്ക് തന്നെ വിശ്വാസമാണെന്നും മികച്ച ഭൂരിപക്ഷത്തില്‍ അവിടത്തെ ജനങ്ങള്‍ തന്നെ ജയിപ്പിക്കുമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്‍.സി.പി ഇടതുമുന്നണി വിടുമോയെന്ന കാര്യത്തില്‍ തീരുമാനം ഇനി ഉണ്ടാവുകയേ ഉള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. ശരത് പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ കൈവിട്ടു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നു വൈകുന്നേരം പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും കാപ്പന്‍ പറഞ്ഞു.
ടി.പി.പീതാംബരന്‍ തനിക്കൊപ്പം പാര്‍ട്ടി വിടുമെന്നും കാപ്പന്‍ അവകാശപ്പെട്ടു. ഏഴ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളില്‍ ഒമ്പതുപേരുടെയും പിന്തുണ തനിക്കുണ്ടെന്നും അവര്‍ തനിക്കൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കേരള യാത്രയുടെ വേദിയില്‍ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 ജില്ലാ കമ്മിറ്റികള്‍ തനിക്കൊപ്പമുണ്ടെന്ന എ.കെ.ശശീന്ദ്രന്റെ അവകാശവാദത്തോട് എലത്തൂര്‍ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കില്‍ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.
എല്‍.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്ന് പറഞ്ഞ കാപ്പന്‍ ഞായറാഴ്ച പാലായില്‍ ഐശ്വര്യ കേരള യാത്ര എത്തുമ്പോള്‍ തനിക്കൊപ്പമുള്ളവരെ അണിനിരത്തി ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ്. പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *