
കൊച്ചി: സനുമോഹന്‍ വൈഗയെ കൊലപ്പെടുത്തിയത് മറ്റാരുടെയും സഹായമില്ലാതെയെന്ന് പോലീസ്. കൊച്ചി പൊലീസ് കമ്മിഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ പ്രതി സനുമോഹന്റെ മൊഴി അപ്പാടെ വിശ്വസിക്കാനും കഴിയില്ലെന്ന പോലീസ് പറയുന്നു.
സനുമോഹന്‍ മൊഴികള്‍ മാറ്റിപ്പറയുകയാണ്. ഒരു മൊഴി നല്‍കിയശേഷം പത്ത് മിനിറ്റിന് ശേഷം അത് മാറ്റിപ്പറയുകയാണ് പ്രതി. കുറച്ചു കഴിയുമ്പോള്‍ വേറൊരു മൊഴിയാണ് നല്‍കുക. അതുകൊണ്ടുതന്നെ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പോലീസിന്റെ അഭിപ്രായം.
വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം ആവശ്യമുണ്ട്. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഡി.എന്‍.എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ-പോലീസ് പറയുന്നു.
ഡിജിറ്റല്‍ തെളിവുകളൊന്നും തെളിവുകള്‍ ബാക്കി വയ്ക്കാതിരിക്കാന്‍ പ്രതി ശ്രദ്ധിച്ചിരുന്നു. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോഹന്‍ വാളയാര്‍ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും സനു മോഹന്‍ നടത്തി. ആദ്യഘട്ടത്തില്‍ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളില്‍ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയതെന്നും പോലീസ് വെളിപ്പെടുത്തി.
പ്രതിയുടെ പഴയകാല ചരിത്രം പരിശോധിച്ചപ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നാണ് മനസിലായത്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. വൈഗയെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം എന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാല്‍, കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടാന്‍ ശ്രമിച്ച രീതി നോക്കുമ്പോള്‍ ഇക്കാര്യം വിശ്വസിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
കേസില്‍ ആവശ്യത്തിനു തെളിവുകള്‍ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളില്‍ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളില്‍ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം. നിലവില്‍ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്‌ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഇതില്‍നിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം.