Breaking News

വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തെ റസ്റ്റോറന്റിൽ കവർച്ച: 20 കാരൻ പിടിയിൽ

വർക്കല: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപത്തെ റസ്റ്റോറന്റിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ വർക്കല പോലീസിന്റെ പിടിയിലായി. മേലാറ്റിങ്ങൽ കാവുവിള വീട്ടിൽ 20 വയസുള്ള ആദർശ് ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ നാലാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ കവർച്ച നടന്നത്. റസ്റ്റോറന്റിന്റെ ക്യാഷ് കൗണ്ടറിന് സമീപത്തെ ഗ്ലാസ് അടിച്ചുതകർത്ത സംഘം കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 6,000 രൂപ കവർന്നു.ഗ്ലാസ് ഉൾപ്പെടെയുള്ളവ തകർത്തതിലൂടെ ഏകദേശം 8,000 രൂപയുടെ നാശനഷ്ടമുണ്ടായതായും കടയുടമ പോലീസിൽ പരാതി നൽകി.

സംഭവത്തിന് മുമ്പ് ഒരു യുവാവ് സ്കൂട്ടറിൽ എത്തി രണ്ടുപേരെയും വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തെ കടയ്ക്ക് മുന്നിൽ ഇറക്കിവിടുന്നതും തുടർന്ന് സ്കൂട്ടറിൽ മടങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മോഷണം നടന്ന റസ്റ്റോറന്റിലെയും സമീപ റോഡുകളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

ജോലി സംബന്ധമായി എറണാകുളത്തേക്ക് പോകണമെന്ന് പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ യുവാവിനോടൊപ്പം ബൈക്കിൽ റെയിൽവേ സ്റ്റേഷന് സമീപം വന്നിറങ്ങിയത്.

തുടർന്ന് വർക്കല പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് ആദർശിനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *