Breaking News

വായനയുടെ വെളിച്ചം പകരാൻ വായനാദിനാഘോഷം; ജില്ലാതല ഉദ്ഘാടനം പാളയംകുന്ന് ജി.എച്ച്.എസ്.എസിൽ

വർക്കല: തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ചടങ്ങ് വി. ശനിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി.

പി.എൻ. പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് “വായിക്കാം വളരാം, വായിച്ച് വിവേകം നേടാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. “അറിവിന്റെ ലോകത്തേക്ക് ഒരു ചുവട്” എന്ന ആശയത്തെ മുൻനിർത്തി സ്കൂൾ വിവിധങ്ങളായ വായനാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി.

വായനാദിനാഘോഷത്തോടനുബന്ധിച്ച് ദൃശ്യാവിഷ്‌കാരം, പുസ്തകതാലോലി, പുസ്തകമരം, പി.എൻ. പണിക്കർ കട്ട്-ഔട്ട്, സാഹിത്യകാരന്മാരുടെ കഥാപ്രസംഗങ്ങളും ചിത്രപ്രദർശനവും, വാക്യങ്ങളും സംഭാഷണങ്ങളും, പുസ്തകപ്പുര, പുസ്തകപ്രദർശനം, വായനാക്വിസ്, നാടൻപാട്ട്, കവിയരങ്ങ്, സാഹിത്യ ചങ്ങാതി, ബുക്ക് പരേഡ്, മെഗാ ക്വിസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

കൂടാതെ 2026-27 അധ്യയന വർഷത്തെ പി.എൻ. പണിക്കർ സ്മൃതി പഠന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള അടുപ്പം വർധിപ്പിക്കുന്നതിനും പരിപാടികൾ സഹായകമായതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.സ്കൂൾ അധികൃതർ, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിൽ ഇത്തരം പരിപാടികൾ നിർണായകമാണെന്ന് ഉദ്ഘാടകനും പ്രഭാഷകരും അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *