
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 9 മണിയോടെയാണ് രവീന്ദ്രന് ഇ.ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
ഇ.ഡി നല്‍കിയിട്ടുള്ള നോട്ടീസില്‍ ഏത് കേസിന്റെ അന്വേഷണത്തിനാണ് വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തനിക്ക് അറിയാത്ത കാര്യങ്ങള്‍ മൊഴിയായി നല്കാന് തന്നെ നിര്ബന്ധിക്കുമോയെന്ന് ആശങ്കയുണ്ട്. അതിനാല്‍ ഇ.ഡി ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണം. മാത്രമല്ല, കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം-ഇതായിരുന്നു അദ്ദേഹം കോടതിയോട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
എന്നാല്‍, കോടതി അക്കാര്യത്തില്‍ തീര്‍പ്പ് കല്പിക്കുംവരെ കാത്തുനില്‍ക്കാതെ രവീന്ദ്രന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. ഇതിന് മുമ്പ് മൂന്ന തവണ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഇ.ഡിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അന്വേഷണ ഏജന്‍സിക്കുമുന്നില്‍ ഹാജരാവുന്നതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള മാര്‍ഗ്ഗമാണ് അദ്ദേഹത്തിന്റെ ആശുപത്രിവാസമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.