Breaking News

‌ലീഗ് വിമതന്റെ പിന്തുണ: കൊച്ചിയും ഇടത്തേക്ക്

കൊച്ചി: കൊച്ചി കോര്‍പറേഷനും ഇടതുപക്ഷം ഭരിക്കുമെന്ന് ഏകദേശം ഉറപ്പായി. ലീഗ് വിമതനായി മത്സരിച്ച് ജയിച്ച ടി.കെ.അഷ്‌റഫ് ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി കോര്‍പറേഷനും ഇടത് ഭരണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായത്. കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ഡിവിഷന്‍ സ്വന്തമാക്കിയത് എല്‍.ഡി.എഫ് ആണ്. കോണ്‍ഗ്രസ് നേതൃത്വം വിമതരെ കൂടെകൂട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ലീഗ് വിമതന്‍ എല്‍.ഡി.എഫിനൊപ്പം കൂടിയത്.
എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് തുറന്നുപറയാന്‍ ആദ്യം മടിച്ച അഷ്‌റഫ് പിന്നീട് സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും എല്‍.ഡി.എഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. ഇരു മുന്നണികളില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് സുസ്ഥിര ഭരണം കാഴ്ചവയ്ക്കുന്നവര്‍ക്കും നഗരത്തിലെ ജനങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നവര്‍ക്കുമൊപ്പം നില്‍ക്കുമെന്ന എങ്ങുംതൊടാതെയുള്ള മറുപടിയായിരുന്നു ആദ്യം അഷ്‌റഫ് നല്‍കിയത്.
രണ്ടു മുന്നണികളും പിന്തുണ തേടിയിട്ടുണ്ട്. എല്‍ഡിഎഫിന് 34ഉം യുഡിഎഫിന് 31ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷമുള്ളവരുമായി സഹകരിക്കും. സ്ഥാനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ട ആളാണ് താന്‍. എന്നാല്‍ യാതൊരു വിലപേശല്‍ ചര്‍ച്ചകളും നടത്തിയിട്ടില്ല. അവര്‍ ഓഫറുകളും മുന്നോട്ടു വച്ചിട്ടില്ല. പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്- അഷ്‌റഫ് പറഞ്ഞു. അഷ്‌റഫ് ഉള്‍പ്പെടെ മറ്റു സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *