Breaking News

രാമഭദ്രന്‍ വധക്കേസ്; സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍: ശിക്ഷാവിധി 30ന്

തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ വെറുതെവിട്ടു. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. രാമഭദ്രന്റെ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കൊല്ലരുതെന്ന് യാചിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയത്.

2010 ഏപ്രില്‍ 10-നാണ് ഐ.എന്‍.ടി.യു.സി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.തോമസാണ് നാലു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്. സി.പി.എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ രാമഭദ്രന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി സി.പി.എം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സി.പി.എം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. എന്നാല്‍ ഇടത് ഭരണത്തില്‍ നടന്ന അന്വേഷണം നീതിപൂര്‍വ്വമല്ലെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയാണു സി.ബി.ഐ അന്വേഷണത്തിന് അനുമതി നേടിയത്. സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേര്‍ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രന്‍ മരണപ്പെട്ടു. മറ്റൊരു പ്രതി സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമന്‍ പാര്‍ട്ടി വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *