

ചണ്ഡിഗഡ്: ക്രമസമാധാനപാലനം മറയാക്കി കെട്ടിടം പൊളിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹരിയാനയിലെ നൂഹില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ക്രമസമാധാനപാലനം മറയാക്കി പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിലൂടെ വംശീയ ഉന്മൂലനം നടത്തുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്‌നം തന്ത്രപരമായി ഉപയോഗിച്ച് നിയമം പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കുന്നുവെന്ന് വീക്ഷിച്ച കോടതി ഈ രീതി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാനയിലെ നൂഹില്‍ ഹൈന്ദവ സംഘടനകളുടെ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. നൂഹില്‍ തുടങ്ങിയ സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിച്ചതോടെ സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം നിര്‍മ്മിതികള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കി.

കല്ലേറുണ്ടായെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ച കെട്ടിടങ്ങള്‍ ഉടന്‍തന്നെ പൊളിച്ചുനീക്കുകയായിരുന്നു. ആരവല്ലി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ബുള്ളറ്റുകളുടെ ഷെല്ലുകളും അനധികൃത ആയുധങ്ങളും പെട്രോള്‍ ബോംബുകളും കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കീഴടങ്ങാന്‍ ഞായറാഴ്ച പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഫ്യൂ ലംഘിച്ച് നടന്ന മഹാപഞ്ചായത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ഗുരുഗ്രാമിലെ തിഗ്ര് ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപത്തിന്റെ പേരില്‍ യുവാക്കള്‍ക്കെതിരെ നടന്ന പൊലീസ് നടപടിയെ എതിര്‍ക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ രണ്ട് ഹോം ഗാര്‍ഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.