Breaking News

സ്കൂളിൽ അഭിമാനമായി പൂർവവിദ്യാർഥി സംഗമം

കഴക്കൂട്ടം : ഇന്ത്യൻ സൈന്യത്തിലെ ഉന്നതതസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന പൂർവവിദ്യാർഥികളെ ഒരുമിച്ചു കണ്ടത് കഴക്കൂട്ടം സൈനിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് അഭിമാനവും ആവേശവുമുളവാക്കി. സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിലാണ് സ്കൂളിന്റെ ശൗര്യകിരീടമായ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് ശ്ലാഘനീയമായ വരവേൽപ്പ് ഒരുക്കിയത്.

ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച കരസേന ഉത്തര കമൻഡാന്റ് മേധാവി ലെഫ്റ്റനന്റ് ജനറൽ വിജയ് ബി. നായർ, ചൂരൽമല-മുണ്ടക്കൈ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരള-കർണാടക സബ് ഏരിയ കമാൻഡന്റായ മേജർ ജനറൽ വിനോദ് ടി. മാത്യു, കശ്മീർ ഉള്‍പ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ മിഷനുകൾക്ക് നേതൃത്വം നൽകിയ ബെംഗളൂരു റിക്രൂട്ടിംഗ് സോൺ അഡിഷണൽ ഡയറക്ടർ മേജർ ജനറൽ ഹരി ബി. പിള്ള, ഫൈറ്റർ പൈലറ്റായും ഊട്ടി വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ചീഫ് ഇൻസ്ട്രക്ടറായും സേവനമനുഷ്ഠിക്കുന്ന എയർ വൈസ് മാർഷൽ കെ.വി. സുരേന്ദ്രൻ നായർ എന്നിവരാണ് സ്‌കൂളിൽ എത്തിയത്.

സംഗമത്തിന്റെ ഉദ്ഘാടനം സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിയും സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫുമായ എയർ മാർഷൽ ബി. മണികണ്ഠൻ നിർവഹിച്ചു. പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ കേഡറ്റുകളുമായി അതിഥികൾ സംവദിച്ചു.

1998-ലെ ബാച്ച് വിദ്യാർത്ഥികളാണ് ഇത്തവണത്തെ സംഗമത്തിന്റെ സംഘാടകർ. അവരുടെ സംഭാവനയായി സ്കൂളിന് ഒളിമ്പിക്സ് നിലവാരത്തിലുള്ള അത്യാധുനിക ഷൂട്ടിങ് റേഞ്ച് നിർമിച്ചുനൽകി. ഏകദേശം 22 ലക്ഷം രൂപ ചെലവിലാണ് റേഞ്ച് നിർമിച്ചത്. ഹോക്കി ടീമിന് ഹോക്കിസ്റ്റിക്കുകൾ വിതരണം ചെയ്യുകയും മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്യുന്നത് ഇതേ ബാച്ചാണ് ഏറ്റെടുത്തത്.

സ്കൂൾ കാമ്പസിൽ നിർമ്മിച്ച 150 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റിന്റെയും ഉദ്ഘാടനവും സംഗമവേദിയിൽ നടന്നു.പൂർവവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ സജീവമായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ധീരേന്ദ്രകുമാർ ചടങ്ങിൽ ആശംസയര്‍പ്പിച്ചു. വീരമൃത്യു വരിച്ച പൂർവവിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും, മുൻ അധ്യാപകർക്ക് ആദരവ് നല്കുകയും മികച്ച കെഡറ്റുകൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *