

കൊച്ചി: പ്രൊഫ.എം.കെ.സാനു അന്തരിച്ചു. മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളായ പ്രൊഫ.എം.കെ.സാനു മാഷ് അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. 99 വയസായിരുന്നു. വീട്ടില്‍വച്ചുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ഇ്‌ദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. സാഹിത്യ നിരൂപണത്തില്‍ മികവ് തെളിയിച്ചതിനൊപ്പം പ്രഭാഷകന്‍, ചിന്തകന്‍ എന്നീ നിലകളിലും അദ്ദേഹം മലയാള സാഹിത്യ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം.


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ മലയാളികളില്‍ ആഴത്തില്‍ ഇറങ്ങുന്ന വിധത്തില്‍ മികച്ച രചനകള്‍ നടത്താന്‍ എം.കെ.സാനുവിന് സാധിച്ചിട്ടുണ്ട്. നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന പേരില്‍ അദ്ദേഹം രചിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്ര പുസ്തകം മലയാളത്തിലെ മികച്ച ജീവചരിത്ര പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. പി.കെ.ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്.
