

ആറ്റിങ്ങല്‍: ആടിയും പാടിയും താളമിട്ടും ആറ്റിങ്ങല്‍ ഗവ. മോഡല്‍ പ്രീ പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആട്ടവും പാട്ടും പരിപാടിയുടെ ഭാഗമായാണ് കുരുന്നുകള്‍ ആടിയും പാടിയും ആഘോഷിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഗാനം ആലപിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓലപ്പീപ്പി, ചിരട്ടയില്‍ നിര്‍മ്മിച്ച ചെണ്ട, കിലുക്ക്, ഉടുക്ക് തുടങ്ങി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ചെയര്‍പേഴ്‌സണ്‍ ആലപിച്ച ഗാനത്തിന് കുട്ടികള്‍ താളമിട്ടത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയവര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി മാറി.



പി.ടി.എ പ്രസിഡന്റ് എസ്.കൃഷ്ണദാസിന്റെ അധ്യക്ഷത ചേര്‍ന്ന യോഗം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീജ സ്വാഗതം ആശംസിച്ചു. ഗവ. ഇടക്കോട് എല്‍.പി.എസ് എച്ച്.എം ജയകുമാര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ അധ്യാപിക അര്‍ച്ചന എ.റ്റി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ആട്ടവും പാട്ടും താളവും ചേര്‍ത്ത് ഇണക്കി കൊണ്ട് കുരുന്നുകള്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. പി.റ്റി.എ അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍, നാട്ടുക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.


