
വര്‍ക്കല: വര്‍ക്കല ഗവ.എല്‍.പി.എസില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവത്തിലേക്ക് കൗതുകം നിറഞ്ഞ കണ്ണുകളോടെ കുരുന്നുകളെത്തി. അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് എത്തിപ്പെട്ടതിന്റെ ആശ്ചര്യം കുരുന്നു കണ്ണുകളില്‍ ദൃശ്യമായിരുന്നു. വര്‍ക്കല എല്‍.പി.എസില്‍ നടന്ന പ്രവേശനോത്സവം അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.ഗീത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കല മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.അജയകുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍ നായര്‍, കൗണ്‍സിലര്‍ പി.എം.ബഷീര്‍, എ.ഇ.ഒ ആര്‍.ബിന്ദു, ബി.പി.സി വിനില്‍.കെ.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.എം.സി ബിന്ദു വെട്ടൂര്‍ കൃതജ്ഞത രേഖപ്പെടുത്തി.


