

തിരുവനന്തപുരം: സംസ്ഥാനത്ത് തല്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ജനങ്ങള്‍ ചില നിയന്ത്രണങ്ങള്‍ വരുത്തി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളില്‍ ഗ്രൈന്‍ഡറും വാഷിങ് മെഷീനും പ്രവര്‍ത്തിപ്പിക്കാതെ ശ്രദ്ധിക്കണം. എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും മന്ത്രി വിശദീകരിച്ചു.

വൈദ്യുതി ബോര്‍ഡും സമാനമായ രീതിയില്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. വൈദ്യുതി ലഭ്യതയില്‍ വന്ന കുറവു മൂലം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും അത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഴക്കുറവു മൂലം ഡാമുകളില്‍ ആവശ്യത്തിനു വെള്ളം ഇല്ല. രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യം ഉയര്‍ന്നതിനാല്‍ വിലക്കയറ്റവും ക്ഷാമവും ഉണ്ട്.

വൈദ്യുതി കമ്മി പരിഗണിച്ചു നിയന്ത്രണം ഒഴിവാക്കുന്നതിനു വൈകുന്നേരം 7 മുതല്‍ രാത്രി 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചിരുന്നു. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും അറിയിച്ചു.
