Breaking News

സീറ്റ് വിഭജനം: ‘ഇന്ത്യ’ മുന്നണിയില്‍ തര്‍ക്കം; വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മമത

മുംബൈ: സീറ്റ് വിഭജന വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ‘ഇന്ത്യ’ മുന്നണിയില്‍ അതൃപ്തി പുകയുന്നുവെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എ.എ.പി, ജനതാദള്‍, സമാജ്വാദി പാര്‍ട്ടികള്‍ സീറ്റ് വിഭജന വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. മുംബൈയില്‍ മുന്നണി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ബഹിഷ്‌കരിച്ചത് ‘ഇന്ത്യ’ മുന്നണിയില്‍ അസ്വാരസ്യങ്ങളുണ്ടെന്നതിന്റെ തെളിവാണ്.

സീറ്റ് വിഭജന കാര്യത്തില്‍ എത്രയും വേഗം തീരുമാനം വേണമെന്ന ആവശ്യമാണ് എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളും മമതാ ബാനര്‍ജിയും ഉള്‍പ്പെടെ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ കക്ഷി നേതാക്കള്‍ക്കുള്ളത്. സീറ്റുകള്‍ സംബന്ധിച്ച ധാരണ നേരത്തെ ഉണ്ടായാല്‍ മാത്രമേ കൃത്യമായ രീതിയില്‍ പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനാവൂ എന്നാണ് ഇവരുടെ വാദം. ദേശീയ തലത്തില്‍തന്നെ വിവിധ വിഷയങ്ങളില്‍ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികള്‍ക്ക് വ്യത്യസ്ത നിലപാടുകളാണുള്ളത്.

ജെ.ഡി.യു, സമാജ്വാദി, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ടപ്പോള്‍, മമത ബാനര്‍ജി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ജാതി സെന്‍സസിന് തങ്ങള്‍ എതിരല്ലെങ്കിലും അതിനു വര്‍ഗീയ നിറം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന മുന്നണി യോഗത്തില്‍ ജാതി സെന്‍സസിന് അനുകൂലമായ പ്രമേയം പാസാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ 440 സീറ്റിലെങ്കിലും പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ‘ഇന്ത്യ’ മുന്നണിയുടെ നീക്കം. ബി.ജെ.പി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാകും ‘ഇന്ത്യ’ മുന്നണി പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുക. എന്നാല്‍ ഇത് അത്ര എളുപ്പം തീരുമാനമാക്കാവുന്ന ഒന്നല്ല. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പൊതുസ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രാദേശിക കക്ഷികളുടെ നിലപാട് ‘ഇന്ത്യ’ മുന്നണിയെ പ്രതിസന്ധിയിലാക്കാന്‍ പോന്നതാണ്.

ബംഗാളില്‍ തങ്ങളുടെ ആളുകളെ പൊതുസ്ഥാനാര്‍ഥികളാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചുവെങ്കിലും സി.പി.എം അംഗീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് പങ്കിടുന്നതില്‍ കോണ്‍ഗ്രസിനു കടുംപിടിത്തമുണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍, തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നിലപാട്. എന്നാല്‍ അത് തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥിയായി എ.എ.പിയെ നിശ്ചയിക്കണമെന്ന നിലപാടിലേക്ക് മാറിയാല്‍ അത് ‘ഇന്ത്യ’ മുന്നണിക്ക് തലവേദന സൃഷ്ടിച്ചേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *