

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ സാധ്യത. റായ്ബറേലിയില്‍ പ്രിയങ്കയ്ക്കായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. റായ്ബറേലിയില്‍ മത്സരിക്കാന്‍ താങ്കളെ സ്വാഗതം ചെയ്യുന്നു. ദയവായി ഈ ക്ഷണം സ്വീകരിക്കൂ എന്നാണ് പോസ്റ്ററുകളിലുള്ളത്. മത്സരിക്കാന്‍ പ്രിയങ്ക താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. റായ്ബറേലി എം.പിയായിരുന്ന സോണിയ ഗാന്ധി കഴിഞ്ഞ മാസം രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയങ്കയെ റായ്ബറേലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.



അതേസമയം, രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാടിന് പുറമേ അമേഠിയിലും മത്സരിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍, വിജയ സാധ്യത പരിശോധിച്ച ശേഷം മാത്രമേ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂയെന്നും സൂചനകളുണ്ട്. കഴിഞ്ഞ തവണ സംഭവിച്ച പരാജയം ഇത്തവണയും ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ രണ്ടുതവണയും ജനങ്ങള്‍ തിരസ്കരിച്ചുവെന്നത് ബി.ജെ.പി ഭാവിയിലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നത്.

