Breaking News

കൊലപാതക ശ്രമ കേസ്: പ്രധാന പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു

വര്‍ക്കല: കൊലപാതക ശ്രമ കേസിലെ പ്രധാന പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ ആശാന്‍മുക്ക് മുസ്‌ലിം പള്ളിക്ക് സമീപം അസീന മന്‍സിലില്‍ അന്‍സറിന്റെ മകന്‍ അന്‍സി(19)ലാണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 15 ന് വെട്ടൂര്‍ സ്വദേശിയായ സുല്‍ത്താന്‍(21) എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15 ന് വൈകിട്ട വെട്ടൂര്‍ ആശാന്‍മുക്ക് മുസ്‌ലിം പള്ളിക്ക് മുന്നില്‍ വച്ചാണ് അന്‍സില്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം സുല്‍ത്താനെ വാള്‍ ഉപയോഗിച്ച് ആക്രമിച്ചത്.

തന്റെ അനുജനെ അന്‍സില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സുല്‍ത്താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സുല്‍ത്താനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുല്‍ത്താനെ വലിച്ച് താഴെയിട്ട് ഷര്‍ട്ടില്‍ ഒളിപ്പിച്ചുവച്ചിരുന്ന വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സുല്‍ത്താന്‍ വലത് കൈകൊണ്ട് വെട്ട് തടഞ്ഞതോടെ വലതുകൈപ്പത്തിക്ക് സാരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്രതികള്‍ വട്ടംകൂടി സുല്‍ത്താനെ ആക്രമിച്ചു. ആക്രമണത്തില്‍ വലത് കാലിനും വെട്ടേറ്റു. കഴുത്തിന് നേരെ വന്ന വെട്ടും സുല്‍ത്താന്‍ കൈകൊണ്ട് തടുത്തിരുന്നു.

സംഭവത്തില്‍ മറ്റ് 4 പ്രതികളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നെങ്കിലും അന്‍സില്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലം വിടുകയായിരുന്നു. പ്രതിക്കുവേണ്ടി വ്യാപകമായി നടത്തിയ അന്വേഷണത്തിലൂടെ അന്‍സില്‍ എറണാകുളത്ത് ഒരു കഫേ ഷോപ്പില്‍ ജോലിചെയ്യുന്നു എന്ന വിവരം വര്‍ക്കല പോലീസിന് ലഭിച്ചു. തുടര്‍ന്ന് വര്‍ക്കല പോലീസ് എറണാകുളത്തെത്തി തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വര്‍ക്കല എസ്.എച്ച്.ഒ പ്രവീണിന്റെ നിര്‍ദേശപ്രകാരം എസ്.ഐ അഭിഷേക്, എ.എസ്.ഐ ലിജോ ജോണ്‍ ജോസ്, ഗ്രേഡ് എസ്.ഐ സലിം, സ്‌പെഷ്യല്‍ സി.പി.ഒ ഷിജു, സി.പി.ഒ ഫറൂഖ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *