Breaking News

വർക്കലയിൽ പോലീസിന്റെ മിന്നൽ പരിശോധന; ഇരുപതോളം അനധികൃത സ്പാ കേന്ദ്രങ്ങൾ പൂട്ടാൻ നിർദേശം

വർക്കല: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഇരുപതോളം സ്പാകളിൽ പോലീസിന്റെ മിന്നൽ പരിശോധന.
പ്രവർത്തനാനുമതിയും നിയമാനുസൃത ലൈസൻസുകളും ഹാജരാക്കാൻ നടത്തിപ്പുകാർക്ക് കഴിയാത്തതിനെ തുടർന്ന് സ്ഥാപനങ്ങൾ പൂട്ടാൻ പോലീസ് നിർദേശം നൽകി.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആരംഭിച്ച പരിശോധന ആറുമണിവരെ നീണ്ടു.

വർക്കല സബ് ഡിവിഷനു കീഴിലുള്ള അയിരൂർ കല്ലമ്പലം കടയ്ക്കാവൂർ,അഞ്ചുതെങ്ങ്, പള്ളിക്കൽ, വർക്കല എന്നീ വിവിധ പോലീസ് സ്റ്റേഷനുകളിലെ സി.ഐ, എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

20 ഗ്രൂപ്പുകളായി തിരിഞ്ഞ പോലീസ് സംഘം നഗരസഭാ പരിധിയിലെ സ്പാകളിൽ ഒരേസമയം പരിശോധന നടത്തുകയായിരുന്നു.

പരിശോധനയ്ക്കിടെ സ്പാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനുള്ള നിയമാനുസൃത ലൈസൻസോ മറ്റ് അനുമതിപത്രങ്ങളോ ഹാജരാക്കാൻ സ്ഥാപന നടത്തിപ്പുകാർക്ക് കഴിഞ്ഞില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഇരുപതോളം സ്പാകൾ പൂട്ടാൻ നിർദേശം നൽകിയത്.

ആവശ്യമായ രേഖകൾ ഹാജരാക്കിയതിനുശേഷം മാത്രമേ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ പാടുള്ളൂവെന്ന് പോലീസ് കർശന നിർദേശം നൽകി.

പരിശോധന സംബന്ധിച്ച റിപ്പോർട്ട് വർക്കല നഗരസഭയ്ക്കും പോലീസ് കൈമാറിയിട്ടുണ്ട്. പരിശോധനാ സമയത്ത് സ്പാ കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *