

വര്‍ക്കല: പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി വര്‍ക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജന പദ്ധതിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടന്നു. ഇന്ന് രാവിലെ 9 മണിക്ക് വര്‍ക്കല താലൂക്ക് കമ്മിറ്റി ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ബി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ കീര്‍ത്തനത്തോടെ ആരംഭിച്ച ചടങ്ങിന് വര്‍ക്കല താലൂക്ക് പ്രസിഡന്റ് ശശിധരന്‍ ആശാരി അധ്യക്ഷത വഹിച്ചു.

വിശ്വകര്‍മ്മജരുടെ പേരില്‍ വിശ്വകര്‍മ്മജരെയും മറ്റ് പരമ്പരാഗത തൊഴിലാളികളെയും ഉള്‍ക്കൊള്ളിച്ച് ആകെ 18 വിഭാഗങ്ങള്‍ക്കായി പി.എം വിശ്വകര്‍മ്മ യോജന എന്ന പേരില്‍ ആരംഭിച്ച പദ്ധതി തങ്ങള്‍ക്ക് അഭിമാനകരമായ ഒരു അവസരമായെന്നും ഏത് സര്‍ക്കാര്‍ വിശ്വകര്‍മ്മജര്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്താലും പാര്‍ട്ടി ഭേദമന്യേ അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ഡോ.ബി.രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സി.എം.സി പ്രതിനിധികളായ റോയി, രാമചന്ദ്രന്‍ എന്നിവര്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ കാട്ടാക്കട, രക്ഷാധികാരി അനിരുദ്ധന്‍ കരവാരം, ജില്ലാ കോഡിനേറ്റര്‍ സത്യശീലന്‍, ജില്ല ട്രഷറര്‍ ജ്യോതി കുമാര്‍, ജില്ല വനിതാ കണ്‍വീനര്‍ സനിതകുമാരി, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ക്കല തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നൂറിലധികം പേര്‍ പി.എം വിശ്വകര്‍മ്മ യോജനയില്‍ രജിസ്റ്റര്‍ ചെയ്തു. യുവജന വിഭാഗം കണ്‍വീനര്‍ വിഷ്ണു, വനിതാ വിഭാഗം കണ്‍വീനര്‍ ജയലത, രേവതി, പ്രകാശ് തുടങ്ങിയവര്‍ രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. താലൂക്ക് സെക്രട്ടറി രാജു സ്വാഗതവും ട്രഷറര്‍ ശ്രീമതി ഇന്ദു കൃതജ്ഞതയും രേഖപ്പെടുത്തി.

